ഡോളര്‍  കേസില്‍ എം. ശിവശങ്കറിന്  ജാമ്യം‍

ഡോളര്‍ കേസില്‍ എം. ശിവശങ്കറിന് ജാമ്യം‍

കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യംഅനുവദിച്ചു . സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ശിവശങ്കര്‍ അറസ്റ്റിലായി 95 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകാനും കോടതി ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ശിവശങ്കറിന് ജയിലില്‍ നിന്നും പുറത്തിറങ്ങാം.അതേസമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ഉടന്‍ തന്നെ ജയില്‍ മോചിതനാകാന്‍ സാധിക്കും.

Back To Top
error: Content is protected !!