സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസയച്ച് ആദായനികുതി വകുപ്പ് (ഐടി). ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം അവസാനത്തോടെ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആന്റണി പെരുമ്പാവൂരിനോട് ഐ.ടി. ആവശ്യപ്പെട്ടിരിക്കുന്നത്.

‘എമ്പുരാന്‍ ‘ അല്ല റെയ്ഡിന് കാരണമെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022-ല്‍ സിനിമാ മേഖലയിലാകെ ഐ.ടി. റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി എന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ഐ.ടി. ആന്റണി പെരുമ്പാവൂരിനോട് പ്രധാനമായും ചോദിച്ചത്.

2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2022-ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ടി. അന്വേഷണവിഭാഗം അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. അസസ്‌മെന്റ് വിഭാഗങ്ങള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.

നേരത്തേ നടനും സംവിധായകനുമായ പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു നോട്ടീസ്. ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇത് സ്വാഭാവികമായ നടപടിയാണെന്ന് ഐടി വിശദീകരിച്ചിരുന്നു. അതിന് മുമ്പ് നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലായിരുന്നു ഇഡി പരിശോധന. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിനും ഐടി നോട്ടീസയച്ചത്.

Leave a Reply..

Back To Top
error: Content is protected !!