സംഗീതയെ വിവാഹം കഴിച്ചതു പ്രണയിച്ച്; കൊലപാതകത്തിനു മുൻപ് കൃഷ്ണകുമാർ വാട്സാപ് ഗ്രൂപ്പിൽ കൊലവിളി നടത്തിയതായി തമിഴ്നാട് പൊലീസ്.

സംഗീതയെ വിവാഹം കഴിച്ചതു പ്രണയിച്ച്; കൊലപാതകത്തിനു മുൻപ് കൃഷ്ണകുമാർ വാട്സാപ് ഗ്രൂപ്പിൽ കൊലവിളി നടത്തിയതായി തമിഴ്നാട് പൊലീസ്.

പാലക്കാട്∙ കോയമ്പത്തൂർ സുലൂർ സ്വദേശിനിയായ സംഗീതയെ കൊലപ്പെടുത്തുന്നതിനു മുൻപ് കൃഷ്ണകുമാർ വാട്സാപ് ഗ്രൂപ്പിൽ കൊലവിളി നടത്തിയിരുന്നതായി തമിഴ്നാട് പൊലീസ്. ഭാര്യയായ സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നതായി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കൃഷ്ണകുമാർ കൊലപാതകം നടത്തിയത്. ഭാര്യയുമായുള്ള ബന്ധം തനിക്കു മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലെന്നു അടുത്ത സുഹൃത്തുക്കളോട് കൃഷ്ണകുമാർ പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.

പട്ടണംപുതൂരിലെ സുലൂരിലായിരുന്നു കൃഷ്ണകുമാറും സംഗീതയും പെൺമക്കളും താമസിച്ചിരുന്നത്. പിതാവ് സുന്ദരൻ അസുഖബാധിതനായതോടെയാണു വണ്ടാഴിയിലെ കുടുംബ വീട്ടിലേക്ക് കൃഷ്ണകുമാർ താമസം മാറ്റിയത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന കൃഷ്ണകുമാർ ഭാര്യയെ കൊലപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം വാട്സാപ് ഗ്രൂപ്പിൽ ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട് പൊലീസ് അന്വേഷിച്ച് വരികയാണ്.

സിംഗപ്പൂരിലും മലേഷ്യയിലും ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ പ്രണയിച്ചാണ് കോയമ്പത്തൂർ സ്വദേശിനിയായ സംഗീതയെ വിവാഹം കഴിച്ചത്. നായിഡു വിഭാഗക്കാരിയായ സംഗീത ഇടയ്ക്കെല്ലാം പാലക്കാട് വണ്ടാഴിയിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ ഓണാവധിക്ക് വണ്ടാഴിയിലെ വീട്ടിലെത്തിയ സംഗീതയും പെൺമക്കളും വീട്ടിലെ ഓണാഘോഷത്തിലും പങ്കെടുത്തിരുന്നു.

അതേസമയം സംഗീതയിൽനിന്നു വിവാഹമോചനം തേടാനുള്ള വഴികളും കൃഷ്ണകുമാർ ആലോചിച്ചിരുന്നതായാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. പുലർച്ചെ വണ്ടാഴിയിൽ നിന്നും സുലൂരിലെത്തിയ കൃഷ്ണകുമാർ പെൺമക്കൾ സ്കൂളിലേക്കു പോകാനായി കാത്തു നിന്ന ശേഷമാണ് കൊലപാതകം നടത്തിയത്. സംഗീതയെ വകവരുത്തിയ ശേഷം കാറിൽ വണ്ടാഴിയിലേക്കു മടങ്ങിയ കൃഷ്ണകുമാർ താൻ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോണിലൂടെ അറിയിച്ചിരുന്നു. വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ കൃഷ്ണകുമാർ എയർഗൺ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.

 

Leave a Reply..

Back To Top
error: Content is protected !!