പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധത്തിലുള്ള സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങള്‍ ഭര്‍ത്താവ് ബൈജു കണ്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് വിവരം.
ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. വിഷ്ണു താമസിച്ചിരുന്ന വാടകവീട്ടില്‍ വെച്ചാണ് കൊലപാതകങ്ങള്‍ നടന്നത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരെയും അക്രമിച്ച ശേഷം ബൈജുതന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വൈഷ്ണവിയേയും വിഷ്ണുവിനേയും ആക്രമിച്ച വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി വൈഷ്ണവിയുടെ മൃതശരീരവും പരിക്കേറ്റ വിഷ്ണുവിനേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി തന്നെ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങളില്‍ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങള്‍ ബൈജുവിനുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് വിവരം. ബൈജുവിനെ ചോദ്യം ചെയ്തുവരികയാണ്. രാവിലെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.