ടെഹ്റാൻ: യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ എംബസി ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
എംബസി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു. അബുദാബിയിലേക്ക് പോകുകയായിരുന്ന രണ്ട് ഇത്തിഹാദ് എയർലൈൻസ് വിമാനങ്ങൾ ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് തിരിച്ചുവിട്ടു. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മുംബൈയിലേക്ക് തിരികെ പോകുന്നതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം. ടെഹ്റാനിലെ ആസ്ഥാനത്തിന് സമീപം രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസി അറിയിച്ചു. ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾക്കിടയിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായും അവർ വ്യക്തമാക്കി.
