തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 13,000 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറണമെങ്കിൽ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള അനുമതി അദാനി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ഓഹരി വിൽപ്പനയ്ക്കായി അനുമതി ആവശ്യപ്പെട്ട് അദാനി കമ്പനി ഇതേവരെ സർക്കാരിനെ സമീപിച്ചിട്ടില്ല.
സർക്കാരിന്റെ അനുമതി തേടാതെയുള്ള യാതൊരുവിധ ഓഹരി കൈമാറ്റങ്ങൾക്കും നിയമസാധുത ഉണ്ടാകില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായാണ് അദാനിയുടെയും ആഗോള ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെയും വമ്പൻ കൈകോർക്കൽ വരുന്നത്. എംഎസ്സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.
27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയർത്തുകയാണ് ലക്ഷ്യം. 16 ലക്ഷം ടിഇയു ആണ് നിലവിലെ ശേഷി. തുറമുഖ നിർമാണക്കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായക മാറ്റം വരുത്തുമ്പോൾ സർക്കാരിന്റെ ഓദ്യോഗിക അനുമതി അനിവാര്യമാണ്. കമ്പനി അനുമതി തേടുന്ന മുറയ്ക്ക് മാത്രമായിരിക്കും ഇതിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.
