ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം പാർക്ക് കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ സ്ഥാപിക്കുമെന്ന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ് പാർട്ണർമാരായ സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ് എന്നിവർ അറിയിച്ചു.
കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ കാമ്പസിലെ ഒരേക്കർ സ്ഥലത്താണ് പാർക്ക് ആരംഭിക്കുക. അന്തർദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന പാർക്കിന്റെ നിർമ്മാണ ചെലവ് ഒരു കോടി രൂപയാണ്. നിലവിൽ സെൻസറി ഇന്റഗ്രേഷൻ, ഓക്യുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, മ്യൂസിക് തെറാപ്പി, ഹൈഡ്രോ തെറാപ്പി ഡിപ്പാർട്ടന്റ്മെന്റുകൾ , പ്ലേ തെറാപ്പി പാർക്ക് എന്നിവ കാമ്പസിലുണ്ട്. വിദഗ്ദരായ ഡോക്ടർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും സേവനവും സ്കൂളിൽ കുട്ടികൾക്ക് നൽകുന്നു. അന്തർ ദേശീയ നിലവാരത്തിലുള്ള വൺ ടു വൺ വിദ്യാഭ്യാസവും യോഗയും റെഗുലർ ക്ലാസ്സുകളിലൂടെ മൂന്നു വയസ്സ് മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികൾക്ക് നൽകി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.