കൊച്ചി: പ്രഥമ കേരള ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്.സി ജേതാക്കളായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എതിരില്ലാത്ത ഒരു ഗോളിന് ചാലഞ്ച് എഫ്.സി ട്രിവാൻഡ്രത്തെ തോൽപിച്ചായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ കിരീടനേട്ടം. കടവന്ത്ര ഗാമ ഫുട്ബാൾ അരീനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ദർശന കിങ്സ് തൃശൂർ, യുനൈറ്റഡ് എഫ്.സി പാലക്കാട് എന്നിവയായിരുന്നു മറ്റ് ടീമുകൾ.
ഫൈനലിനുമുമ്പ് വനിത ടീമുകളുടെ പ്രദർശന മത്സരവും അരങ്ങേറി. സമാപനച്ചടങ്ങിൽ ഭിന്നശേഷി ഫുട്ബാൾ ഫെസ്റ്റിവലിന്‍റെ ഭാഗമായി വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരായ ഫുട്ബാൾ കളിക്കാർ തമ്മിലെ സൗഹൃദ മത്സരവും നടന്നു.
കേരള ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ, എസ്.ആർ.വി.സി, റീന മെമ്മോറിയൽ സംരക്ഷണ സ്‌പെഷൽ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേരള ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗും പാൻ ഡിഫ്രൻഡ്ലി ഏബിൾഡ് ഫുട്ബാൾ ഫെസ്റ്റിവലും നടത്തിയത്.
ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി വിജയ് പൻജാമി (ചാലഞ്ച് എഫ്.സി ട്രിവാൻഡ്രം), മികച്ച ഗോൾ കീപ്പറായി ടി. മുഹമ്മദ് ഷുഹൈബ് (ചാലഞ്ച് എഫ്.സി ട്രിവാൻഡ്രം), എമേർജിങ് പ്ലയറായി കെ.ബി. അബിൻ (കാലിക്കറ്റ് എഫ്.സി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.