കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം.
2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്, 37 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി. കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്സിന്റെ ഓഹരി ഒന്നിന്റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു. ‘1000 കോടി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. 2025 ഓടെ കിറ്റെക്സ് ഗാര്മെന്റ്സില് നിന്നുള്ള മൊത്ത വരുമാനം 2165 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയറില്‍ നിന്നുള്ളത് 1000 കോടിയുമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്,’ കിറ്റെക്സ് എം.ഡിയും സി.ഇ.ഒയുമായ സാബു.എം.ജേക്കബ്ബ് പറഞ്ഞു.