വാഷിങ്ടൺ: സെപ്തംബറിൽ അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ പാദത്തിൽ ആപ്പിളിന് വൻ വരുമാനം. ഐഫോൺ വിൽപനയിലുണ്ടായ വർധനവാണ് ആപ്പിളിന് ഗുണകരമായത്. അതേസമയം ഇന്ത്യയിലെ ഐഫോൺ വിൽപനയും റെക്കോഡ് ഉയരത്തിലെത്തിയെന്ന് കമ്പനി സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
സെപ്തംബറിൽ ആപ്പിളിന് നേടാനായത് റെക്കോഡ് വരുമാനം ആണ്. ഇന്ത്യയിൽ ഫോണുകൾ വാങ്ങാൻ ആളുകൾ കാണിക്കുന്ന താൽപര്യത്തിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ടിം കുക്ക് പറഞ്ഞു. നിക്ഷേപകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ആപ്പിൾ സി.ഇ.ഒയുടെ പരാമർശം.
ഐഫോണിന് പുറമേ ഐപാഡ് വിൽപനയിലും ഇന്ത്യയിൽ പുരോഗതിയുണ്ടാക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ടെന്നും ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യയിലെ റീടെയിൽ സേവനം വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് പുതിയ സ്റ്റോറുകൾ കൂടി ഇന്ത്യയിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു, പൂണെ, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാവും പുതിയ സ്റ്റോറുകൾ തുടങ്ങുക. നിലവിൽ ഇന്ത്യയിൽ ആപ്പിളിന് മുംബൈയിലും ഡൽഹിയിലും മാത്രമാണ് സ്റ്റോറുകൾ ഉള്ളത്.
സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ പാദത്തിൽ 6.1 ശതമാനം വിൽപന വർധനവ് ആപ്പിളിന് ഉണ്ടായിട്ടുണ്ട്. ആപ്പിളിന്റെ വിൽപന ഇതോടെ 94.9 ഡോളറായാണ് ഉയർന്നത്. അതേസമയം, ആപ്പിളിന്റെ ചൈനയിലെ വരുമാനത്തിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. പ്രാദേശിക ബ്രാൻഡുകളിൽ നിന്നും കടുത്ത മത്സരം നേരിട്ടതിനാൽ വരുമാനം 15 ബില്യൺഡോളറായി ഇടിയുകയായിരുന്നു.