ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ തീപാറും പോരാട്ടം. വോട്ടെടുപ്പ് രണ്ടുമണിക്കൂർ പിന്നിടുകയാണ്. ആദ്യഘട്ടത്തിൽ വ്യക്തമായ പിന്തുണ നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ശക്തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണിക്കും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി.
നിലവിൽ എൻഡിഎ മുന്നൂറോളം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 2014ന് ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ഒരുഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നുണ്ട്. രാഹുൽ കഴിഞ്ഞ തവണ മൽസരിച്ച് തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവെക്കുന്നതാണ് ആദ്യ സൂചനകൾ.
എന്നാൽ, എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാ സഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 2019ൽ എൻഡിഎക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ്പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യഘത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. ബംഗാളിൽ ബിജെപി മുന്നിലാണ്.
കേരളത്തിലും ലീഡ് നില മാറിമറിയുകയാണ്. വാശിയോടെയുള്ള പോരാട്ടമാണ് നടക്കുന്നത്. ആലത്തൂരിൽ മാത്രമാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരിലും ബിജെപി മുന്നിട്ട് നിൽക്കുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആലപ്പുഴയിൽ കെസി വേണുഗോപാലും മുന്നിട്ട് നിൽക്കുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപി മുന്നിലാണ്. കണ്ണൂരിൽ കെ സുധാകരനും മുന്നിലാണ്. ഇടുക്കിയിൽ ആദ്യ സൂചനകളിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്.
എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർഗോഡ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്, കോഴിക്കോട് എംകെ രാഘവൻ മുന്നിലാണ്.
പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ മുന്നിലാണ്. പൊന്നാനിയിൽ അബ്ദു സമദ് സമദാനിയും മുന്നിലാണ്.