ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേൽ ഘടകകക്ഷിയുടെ സമ്മർദ്ദം. ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻഗിവർ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നോട്ട് വെച്ച വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ പ്രതിപക്ഷകക്ഷികൾ അഭ്യർഥിച്ചതോടെ നെതന്യാഹു വഴങ്ങുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഘടകകക്ഷിയുടെ സമ്മർദ്ദം ഉയർന്നത്. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും യുഎസ് പദ്ധതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇതോടെ, നെതന്യാഹു പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ അക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫയുടെ നിയന്ത്രണം പലസ്തീന് വിട്ടുകൊടുക്കാതെ റഫ ഇടനാഴി വീണ്ടും തുറക്കാനാവില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഹ് ഷൗക്രി വ്യക്തമാക്കി. റഫ ഇടനാഴിയിലൂടെയാണ് ഈജിപ്ത് വഴി രാജ്യാന്തര സഹായങ്ങൾ ഗാസയിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസമാണ് ഈജിപ്തിനോട് ചേർന്നുകിടക്കുന്ന റഫ അതിർത്തി മുഴുവനും ഇസ്രയേൽ സൈന്യം പിടിച്ചെടുത്തത്. ഇത് ഈജിപ്തും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രയേൽ പൗരൻമാരായ സഞ്ചാരികളെ മാലദ്വീപ് വിലക്കി. ഇതിന് പിന്നാലെ, കടലോര ഭംഗി ആസ്വദിക്കാൻ ഇന്ത്യയിലെ ബീച്ചുകൾ സന്ദർശിക്കാൻ ഡെൽഹിയിലെ ഇസ്രയേൽ എംബസി പൗരൻമാരോട് നിർദ്ദേശിച്ചു. കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗോവ എന്നിവിടങ്ങളിലെ ബീച്ചുകളാണ് എംബസി ശുപാർശ ചെയ്തത്.