മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം പാർദോ. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി ക്‌ളൌഡിയ ഷെയ്‌ൻബോംമിനെ തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടിയായ മൊറീനയുടെ നേതാവാണ് ക്‌ളൌഡിയ ഷെയ്‌ൻബോം പാർദോ. നൊബേൽ സമ്മാനം നേടിയ കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞ കൂടിയായ ക്‌ളൌഡിയ 60 ശതമാനം വോട്ടോടെ വൻ വിജയമാണ് നേടിയത്.
യാഥാസ്‌ഥിതിക നിലപാടുകൾ പിന്തുടരുന്ന പാൻ പാർട്ടിയിലെ ബെർത്ത ഷൊചിൽ ഗാർവെസ് റൂയിസിനെയാണ് 60 ശതമാനം വോട്ടുകൾക്ക് ക്‌ളൌഡിയ പരാജയപ്പെടുത്തിയത്. മെക്‌സിക്കോയിൽ 2000ത്തിൽ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിന് ശേഷം പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്‌ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഒക്‌ടോബറിൽ സ്‌ഥാനമേൽക്കും. ആറുവർഷമാണ് ഭരണകാലാവധി.
സ്‌ഥാനം ഒഴിയുന്ന പ്രസിഡണ്ട് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്‌തയായ ക്‌ളൌഡിയ, 2018ൽ മെക്‌സിക്കോ സിറ്റി മേയറായിരുന്നു. ഇടതുപക്ഷ പാർട്ടിയായ മൊറീന നയിക്കുന്ന ഒബ്രദോർ സർക്കാർ അടിസ്‌ഥാന വേതനം ഇരട്ടിയാക്കുകയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും കുറയ്‌ക്കുകയും ചെയ്‌തത് തിരഞ്ഞെടുപ്പിൽ ക്ളഡിയയ്‌ക്ക് അനുകൂലമായ തരംഗമുണ്ടാക്കി.
2007ൽ സമാധാന നൊബേൽ നേടിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച് (ഐപിസിസി) എന്ന യുഎൻ ഏജൻസിയുടെ ഭാഗമായിരുന്നു. ക്‌ളൌഡിയയുടെ എതിർ സ്‌ഥാനാർഥിയും ബിസിനസുകാരിയുമായ ഷൊചിൽ ഗാൽവിസിന് 28 ശതമാനം വോട്ട് ലഭിച്ചു. ഇതാദ്യമായാണ് രണ്ടു വനിതകൾ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നേർക്കുനേർ മൽസരിക്കുന്നത്.