മലപ്പുറം: എടപ്പാൾ ജൂവലറി ജീവനക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലും സ്വർണവും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് ജൂവലറി ജീവനക്കാരനിൽ നിന്ന് സ്വർണവും വജ്രവും തട്ടിയെടുത്തത്. കവർച്ചാ സംഘത്തിലെ കൊല്ലം പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനിവാസികളായ ഫൈസൽ, നിജാദ്, അഫ്സൽ, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബാദുഷ എന്നയാൾ ഓടിരക്ഷപ്പെട്ടു.
തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ വിളിച്ചുവരുത്തി കൈയിലുണ്ടായിരുന്ന രണ്ടു വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ആക്രമണത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് ബാക്കി പ്രതികൾ എടപ്പാളിൽ ഉണ്ടെന്നറിഞ്ഞത്.
തുടർന്ന് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്ഐ ദിൽജിത്, പോലീസ് ഓഫീസർമാരായ ഷഫീഖ്, അനു, അജയകുമാർ, ഷൈജു, രമേശൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.