കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ പരിശീലകനായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.45ഓടെ എറണാകുളം അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ഫുട്‍ബോൾ താരമായും മികച്ച പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യൻ കായികരംഗത്ത് സജീവമായിരുന്ന വ്യക്‌തിത്വമാണ് ടികെ ചാത്തുണ്ണി.
മോഹൻ ബഗാൻ, എഫ്‌സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് ഇദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പോലീസ് ടീമിലൂടെ സംസ്‌ഥാനത്തേക്ക് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം എത്തിച്ചത് ടികെ ചാത്തുണ്ണിയാണ്.
കേരള പോലീസിനെ രാജ്യത്തെ ഒന്നാംകിട ടീമാക്കി വളർത്തിയ ചാത്തുണ്ണിയെ പിന്നീട് കൊൽക്കത്തയിലെയും ഗോവയിലെയും വമ്പൻ ക്ളബുകൾ റാഞ്ചുകയായിരുന്നു. എഫ്‌സി കൊച്ചിനെ പരിശീലിപ്പിക്കാൻ കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാം നമ്പർ ക്ളബുകളിൽ ഒന്നാക്കി. ഇടവേളയിൽ എഫ്‌സി കൊച്ചിനിൽ നിന്ന് പിൻവാങ്ങിയ ചാത്തുണ്ണി ഗോവയിൽ ചർച്ചിൽ ബ്രദേഴ്‌സിലെത്തി.
വിവാ കേരളയെ പരിശീലിപ്പിക്കാൻ തിരിച്ചെത്തിയ ചാത്തുണ്ണി ആദ്യവർഷം ക്ളബിനെ സംസ്‌ഥാന ചാംപ്യൻമാരാക്കി. ഐഎം വിജയൻ, പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിക്ഷണത്തിൽ മികച്ച നിലയിലേക്ക് ഉയർന്നവരാണ്. 1979ൽ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ‘ഫുട്‍ബോൾ മൈ സോൾ’ എന്ന പേരിൽ ആത്‌മകഥയും എഴുതിയിട്ടുണ്ട്.