ന്യൂഡെൽഹി: 18ആം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്. 24ന് രാഷ്‌ട്രപതി ദ്രൗപതി മുർമു സഭയെ അഭിസംബോധന ചെയ്യും.
തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്‌ഞ നടക്കും. സ്‌പീക്കറെയും അന്ന് തിരഞ്ഞെടുക്കും. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും. അതിനിടെ മന്ത്രി പദങ്ങളിലേക്ക് സത്യപ്രതിജ്‌ഞ ചെയ്‌തവർ ഓഫീസുകളിലെത്തി അധികാരമേറ്റെടുത്തു. ഇന്ന് നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായും നിതിൻ ഗഡ്‌കരി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായും ചുമതലയേറ്റു.
ഞായറാഴ്‌ച രാത്രി 7.15നാണ് നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയെ കൂടാതെ 71 പേരാണ് മന്ത്രിസഭാ അംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്‌തത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.