പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കയേറെ. ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്കപ്പുറം ഇന്ത്യക്ക് നയതന്ത്രപരമായും സാമ്പത്തികമായും വലിയ ഭീഷണിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. ചാബഹാര്‍ തുറമുഖത്തിന്റെ ഭാവിയും ആശങ്കയിലാണ്.
സംഘര്‍ഷം വ്യാപിച്ചാല്‍ ആദ്യം ബാധിക്കുന്നത് ഇന്ത്യയുടെ ഊര്ജസുരക്ഷയെയാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഇതില്‍ വലിയൊരു പങ്ക് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതിനാല്‍ ഇന്ധന ലഭ്യത പ്രതിസന്ധിയിലാവും. ഇറാനില്‍ നിന്നുള്ള കയറ്റുമതിയും തടസപ്പെടാനിടയുണ്ട്. ക്രൂഡ് ഓയിലിന് ഇപ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ മൂന്നുശതമാനത്തോളം വില വര്‍ധിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ വില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല.
