കോവിഡ് ബൂസ്റ്റർ ഡോസിനും കാലാവധിയുണ്ടെന്ന് പഠന റിപ്പോർട്ട്. മുതിർന്നവരിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുത്ത് മൂന്നു മാസത്തിനുള്ളിൽ ഒമിക്രോൺ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആൻറിബോഡികളുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. സെൽ റിപ്പോർട്സ് മെഡിസിൻ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഗവേഷണത്തിൻറെ ഭാഗമായി അമേരിക്കയിൽ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മിക്സ് ആൻഡ് മാച്ച് അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകി. ചിലർക്ക് അവർ നേരത്തെ എടുത്ത ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ തന്നെ ബൂസ്റ്ററായി നൽകിയപ്പോൾ ചിലർക്ക് മറ്റൊരു വാക്സീനാണ് ബൂസ്റ്റർ ഡോസായി തിരഞ്ഞെടുത്തത്. ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് സംഘത്തിലും പെട്ടവർക്ക് ഒമിക്രോൺ ബിഎ.1 ഉപവകഭേദത്തിനെതിരെ ഉയർന്ന തോതിലുള്ള ആൻറിബോഡികൾ ശരീരത്തിലുണ്ടായി. എന്നാൽ ഒരേ വാക്സീൻ തന്നെ ആദ്യ ഡോസും ബൂസ്റ്റർ ഡോസുമായി എടുത്തവർക്ക് വ്യത്യസ്ത വാക്സീനുകൾ എടുത്തവരെ അപേക്ഷിച്ച് ആൻറിബോഡി തോത് അൽപം കുറവായിരുന്നതായി ഗവേഷകർ നിരീക്ഷിച്ചു.
അതേ സമയം എല്ലാവരിലും ബൂസ്റ്റർ എടുത്ത് മൂന്ന് മാസത്തിനുള്ളിൽ ആൻറി ബോഡി തോത് 2.4 മുതൽ 5.3 മടങ്ങ് കുറഞ്ഞു. ഒമിക്രോൺ ഉപവകഭേദങ്ങളായ ബിഎ.2.12.1, ബിഎ.4/ബിഎ.5 എന്നിവ ആൻറിബോഡികളാൽ നിർവീര്യമാക്കപ്പെടാനുള്ള സാധ്യത യഥാക്രമം ഒന്നര മടങ്ങും രണ്ടര മടങ്ങും ബിഎ.1 ഉപവകഭേദത്തെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിഎ.5 ആണ് നിലവിൽ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദം.