കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതിയിൽ 41കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി റെയ്മണ്ട് ജോസഫ് പ്രണയത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി റെയ്മണ്ടിന്റെ ഇരവിപുരത്തുള്ള വീട്ടിൽ താമസമാക്കി.
നിയമപരമായി വിവാഹം കഴിക്കാതെയാണ് റെയ്ണ്ടും യുവതിയും ഇരവിപുരം പനമൂടുള്ള വീട്ടിൽ രണ്ടര വർഷമായി താമസിച്ചുവരുന്നത്. ഇതിനിടെ യുവതിയുടെ പക്കൽനിന്ന് സ്വർണവും പണവും പ്രതി തട്ടിയെടുക്കുകയായിരുന്നു. സ്വർണം ഇയാൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തു. ഇതിനുശേഷവും കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
അതിനിടെ മൊബൈലിൽ ചിത്രീകരിച്ച ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആദ്യ ഭർത്താവിൽനിന്ന് പ്രതി നാലു ലക്ഷം രൂപയും തട്ടിയെടുത്തു.
ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജയേഷ്, ആന്റണി, ദിനേശ് എഎസ്ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.