കോഴിക്കോട് : ശനി, ഞായര്‍ ദിവസങ്ങളില്‍ വാഹന ബാഹുല്യത്തില്‍ വീര്‍പ്പുമുട്ടുന്ന ചുരത്തില്‍ ശനിയാഴ്ച തുടര്‍ച്ചയായി മൂന്ന് അപകടങ്ങള്‍. സംഭവത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ടാം വളവിന് താഴെ ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും മരം കയറ്റി വയനാട്ടില്‍നിന്ന് ചുരമിറങ്ങിവരുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി റോഡിനു നടുവിലേക്ക് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത് . മിനിലോറി ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ രണ്ടാം വളവിന് സമീപം തേക്കുംതോട്ടത്തില്‍ ബൊലേറോ ജീപ്പും ലോറിയും തമ്മിലുരസി ബൊലേറോ അഴുക്കുചാലിലേക്ക് ചാടി. സംഭവത്തില്‍ അരമണിക്കൂറോളം ഗതാഗതം പൂർണമായി സ്തംഭിച്ചു. വൈകീട്ട് ഏഴിന് ചിപ്പിലിത്തോട്ടില്‍ ബൈക്ക് തെന്നിമറിഞ്ഞ് കക്കോടി സ്വദേശി ഫിറോസി(40)ന് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഫിറോസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുമായി ഉരസി അഴുക്കുചാലിൽ പതിച്ച ബൊലേറോ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ട്രാഫിക് പൊലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തുനിന്ന് ക്രെയിനെത്തിച്ച് വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.ചുരത്തില്‍ യാത്രക്ക് തടസ്സമാകുന്നത് അമിത വേഗതയും അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ മറികടക്കുന്നതും അമിതഭാരം കയറ്റി ലോറികളെത്തുന്നതുമാണെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്