കോഴിക്കോട് : അമൃത് അഴുക്കുചാൽ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡ് 10 മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എരഞ്ഞിപ്പാലം ജവഹർനഗർ കോളനിക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. കോളനിയിൽനിന്ന് ഏജീസ് ഓഫീസ് ഭാഗത്തേക്ക് എത്തുന്ന അരക്കിലോമീറ്ററിലധികം വരുന്ന റോഡിൽ കഴിഞ്ഞ മാർച്ചിലാണ് ഓവുചാലിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്നാ ലുമീറ്ററോളം വീതിയുണ്ടായിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്രവാഹനംപോലും കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയിലാണ്. ഓവുചാലിന്റെ സ്ലാബ് റോഡിനെക്കാൾ ഉയരത്തിലായതിനാൽ മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കും. അപ്പോൾ നടന്നുപോവാൻപോലും ബുദ്ധിമുട്ടാണ്. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ നിർത്തിയിടാറാണ് പതിവ്. വീട്ടിലേക്ക് വാഹനങ്ങൾകൊണ്ടുപോവാൻ പലരും സ്വന്തം ചെലവിൽ ക്വാറിവേസ്റ്റ് ഇട്ട് തത്കാലം നന്നാക്കുകയായിരുന്നു.പ്രശ്നത്തിന് പരിഹാരമുണ്ടാവാത്തതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജവഹർനഗർ റെസിഡന്റ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.