കോട്ടയം: കേരളത്തിന്റെ അവിഭാജ്യ ഘടകമായ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേബിള്‍ ടി.വി ഓപ്പറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേബിള്‍ ടി.വി മേഖല സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കേബിള്‍ വലിക്കുന്ന വൈദ്യുതി പോസ്റ്റിന്റെ വാടകക്കാര്യത്തില്‍ ഓപ്പറേറ്റര്‍മാരെയും കെ.എസ്.ഇ.ബിയെയും സമന്വയത്തിലെത്തിക്കണം. പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഗുണകരമായ ശുപാര്‍ശകളുണ്ടാകുമെന്നാണ് പ്രതീക്ഷ. കുത്തക ഓപ്പറേറ്റര്‍മാരുടെ കടന്നു കയറ്റത്തിനിടയിലും ശക്തമായി നിലകൊള്ളാന്‍ അസോസിയേഷന് കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ദിഖ്, രാജ്‌മോഹന്‍ , സി.ആര്‍. സുധീര്‍, ബിനു ശിവദാസ്, പ്രവീണ്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു