കോഴിക്കോട്: നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് ഇരയാക്കി. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി കൗൺസലിങ്ങിനിടെ പറഞ്ഞു.
നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ നല്ലളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളായ 3 വിദ്യാർഥികളെയും 15ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ നിർദേശിച്ച് ഇവരുടെ രക്ഷിതാക്കൾക്കു പൊലീസ് നോട്ടിസ് നൽകും.
കഴിഞ്ഞ ആഴ്ച കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനാലുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.
പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പിൽ ഹാജരാക്കാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.