നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്.‌ വീട്ടിൽ കയറി നടനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചും ആധികാരികതയെപ്പറ്റിയും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല.

മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാന്റെ മുംബൈയിലെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സുരക്ഷയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം വന്നിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍ നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വച്ച് സല്‍മാന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്.

പിന്നീട് കഴിഞ്ഞ ഏപ്രില്‍ 14ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ വെടിവയ്‌പ്പുണ്ടായി. പുലര്‍ച്ചെയായിരുന്നു ആക്രമണം. മോട്ടോർ ബൈക്കിലെത്തിയ രണ്ടു പേര്‍ സല്‍മാന്റെ അപാര്‍ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണോയിയുടെ സംഘമാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായി.

Leave a Reply..

Back To Top
error: Content is protected !!