കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു.
ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികളുടെയും അഭിഭാഷകനായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ.പ്ലീഡര്‍ പെണ്‍കുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.