കോട്ടയം: ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയെയും 2 പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയാണ്. ചിന്നിച്ചിതറിയ നിലയിലാണു മൃതദേഹങ്ങൾ. 40 വയസ്സ് തോന്നിക്കുന്ന യുവതിയും 15നും 8നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുമാണ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. ഇവർ ഇതര സംസ്ഥാനക്കാരാണോ എന്നും പരിശോധിക്കുന്നുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ട്രെയിനില്‍ നിന്ന് വീണതാകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിന്റെ മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാകാം എന്ന വിലയിരുത്തലിലാണ് പൊലീസ്. എങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായത് കൊണ്ട് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വന്നേക്കാം. പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.