കൂട്ടപ്പിരിച്ചുവിടലില്‍ ട്രംപിന് തിരിച്ചടി; ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്‌

കൂട്ടപ്പിരിച്ചുവിടലില്‍ ട്രംപിന് തിരിച്ചടി; ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്‌

ന്യൂയോര്‍ക്ക്: വിവിധ ഏജന്‍സികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി. പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ ജഡ്ജി വില്യം അല്‍സാപ് ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചു.

ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച രീതികളെ ജഡ്ജി നിശിതമായി വിമര്‍ശിച്ചു. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റും അതിന്റെ താത്കാലിക ഡയറക്ടർ ചാള്‍സ് എസെലും നടത്തിയ പിരിച്ചുവിടലുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ജഡ്ജി കണ്ടെത്തി.

ഫെബ്രുവരി 13-നും 14-നും ഇടയില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ വെറ്ററന്‍സ് അഫയേഴ്സ്, കൃഷി, പ്രതിരോധം, ഊര്‍ജ്ജം, ഇന്റീരിയര്‍, ട്രഷറി വകുപ്പ് മേധാവികളോട് അദ്ദേഹം ഉത്തരവിട്ടു. പ്രൊബേഷനറി ജീവനക്കാരേക്കുറിച്ചും അവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളേക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അതത് വകുപ്പുകള്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, കോടതി ഉത്തരവിനെതിരേ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ഭരണഘടനാവിരുദ്ധമായ ഉത്തരവിനെതിരേ പോരാടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ പുതിയ ജീവനക്കാരും അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം പ്രൊബേഷണറി ജീവനക്കാരുണ്ട്.

 

Leave a Reply..

Back To Top
error: Content is protected !!