ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് നമ്മൾ കരുതിയതിനേക്കാളും പ്രായമുണ്ടെന്ന് പുതിയ പഠനം. 451 കോടി വർഷമാണ് ചന്ദ്രന്റെ പ്രായം എന്നാണ് പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നത്. നേച്ചറിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ പ്രായത്തെ ചൊല്ലി ശാസ്ത്രജ്ഞർക്കിടയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
435 കോടി വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഗ്രഹത്തിന്റെ അത്രയും വലിപ്പമുള്ള വസ്‍തു ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രൻ രൂപംകൊണ്ടത് എന്നായിരുന്നു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാൽ ആ സമയത്ത് വലിയൊരു കൂട്ടിയിടിക്ക് ആവശ്യമായ ആകാശ വസ്തുക്കൾ സൗരയൂഥത്തിൽ ഇല്ലായിരുന്നുവെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വാദിക്കുന്നു. ചന്ദ്രൻ ഭൂമിയിൽനിന്ന് അകന്നുപോയപ്പോൾ ഉണ്ടായ ഉരുകൽ മൂലം ചൂടായി അതിന്റെ ഉപരിതലത്തിന് മാറ്റം വന്നുവെന്നും മറ്റൊരു വിഭാഗം പറയുന്നുണ്ട്.
ചന്ദ്രൻ രൂപപ്പെട്ടത് എപ്പോഴാണെന്ന് ചന്ദ്രനിലെ പാറകൾ വെളിപ്പെടുത്തുന്നില്ല. 1972 ൽ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ ‘സിർക്കോൺ’ എന്ന ധാതു ശാസ്ത്രജ്ഞർ പഠന വിധേയമാക്കിയിരുന്നു. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും ചൈനയുടെയും നാസയുടെയും ചാന്ദ്രദൗത്യങ്ങളിൽ ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.