തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകളിൽ വർധനവ്. യൂണിറ്റിന് 16 പൈസയാണ് വർധനവ്. അടുത്ത സാമ്പത്തിക വർഷം മുതൽ 12 പൈസ വർധിപ്പിക്കുമെന്ന്, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് പത്തു പൈസ സമ്മർ താരിഫ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം തള്ളി. നവംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനം. ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അഞ്ചാം തവണയാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധനവ് ഉണ്ടാകുന്നത്.
നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധന, വർധിച്ചു വരുന്ന പ്രവർത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർധനവിനുള്ള കാരണങ്ങളായി പറയുന്നത്.
അനിവാര്യ ഘട്ടത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വളരയധികം കൂടിയെന്നും, നിലവിൽ പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും, ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.