തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും താപനില കൂടുമെന്ന് മുന്നറിയിപ്പ്. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിയ്ക്കുകയും, ഇതേ തുടർന്ന് ചൂട് കൂടുകയും ചെയ്യും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. സൂര്യരശ്മി എല്ലായ്‌പ്പോഴും ഭൂമിയിൽ പതിക്കാറുള്ളത് മേഘങ്ങളിൽ തട്ടിയാണ്. എന്നാൽ ശരത്കാല വിഷുവ സമയത്ത് മഴമേഘങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ നേരിട്ട് ചൂടേറിയ രശ്മികൾ ഭൂമിയിൽ പതിയ്ക്കും.
നാളെയാണ് വിഷുവം. നാളെ സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ എത്തും. അതുകൊണ്ട് തന്നെ പകലിനും രാത്രിയ്ക്കും ഒരേ ദൈർഘ്യമാണ് ഉള്ളത്. സാധാരണത്തേതിൽ നിന്നും താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഇന്നും നാളെയും ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്.