അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്ക് വേണ്ടി മികച്ച പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ സഞ്ജു 45 റൺസുമായി മടങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (50) മികച്ച പ്രകടനം നേടി. അനന്ത്പൂരിൽ നടക്കുന്ന മത്സരത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തിട്ടുണ്ട് ഇന്ത്യ ഡി. നിലവിൽ ഇന്ത്യ ഡി 303 റൺസ് ലീഡുമായി മത്സരത്തിൽ മുൻതൂക്കം നേടിയിട്ടുണ്ട്. റിക്കി ഭുയി (84), ആകാശ് സെൻഗുപ്ത (26) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിംഗ്‌സിൽ 67 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ ദേവ്ദത്ത് പടിക്കൽ (3), കെ എസ് ഭരത് (2), നിഷാന്ത് സിന്ധു (5) എന്നിവർ മടങ്ങി. പിന്നീട് ഭുയി – ശ്രേയസ് സഖ്യം 75 റൺസ് കൂട്ടിചേർത്തു. എന്നാൽ ശ്രേയസിനെ പുറത്താക്കി മുകേഷ് കുമാർ ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നൽകി. 40 പന്തുകൾ നേരിട്ട ഭുയി ഒരു സിക്‌സും ഏഴ് ഫോറും നേടി. പിന്നീട് ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് കളിച്ചത്. 53 പന്തുകൾ മാത്രം നേരിട്ട സഞ്ജു രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. മുകേഷിന് വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങുന്നത്. ഭുയിയുടെ ഇന്നിംഗ്‌സിൽ ഇതുവരെ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ട്.
നേരത്തെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് 282ന് അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ അഭിമന്യൂ ഈശ്വരൻ (116), അർധ സെഞ്ചുറി നേടിയ വാഷിംഗ്ടൺ സുന്ദർ (87) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യ ബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. എൻ ജഗദീഷൻ (13), സുയഷ് പ്രഭുദേശായ് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. മുഷീർ ഖാൻ (5), സൂര്യകുമാർ യാദവ് (5), നിതീഷ് കുമാർ റെഡ്ഡി (0), രാഹുൽ ചാഹർ (9), നവ്ദീപ് സൈനി (7), മോഹിത് അവാസ്തി (8) എന്നിവർക്ക് തിളങ്ങാനായില്ല. സൗരഭ് കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി. നേരത്തെ സഞ്ജുവിന്റെ 106 റൺസാണ് ഇന്ത്യ ഡിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് സിക്‌സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കൽ (50), കെ എസ് ഭരത് (52), റിക്കി ഭുയി (56) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സൈനി അഞ്ച് വിക്കറ്റ് വീഴ്ത്തി.