എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമോ?;വി.ഡി. സതീശൻ

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി സംസാരിച്ചത് അതിര്‍ത്തി തര്‍ക്കമോ?;വി.ഡി. സതീശൻ

റാന്നി: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ഒരു മണിക്കൂര്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളോ അതിര്‍ത്തി തര്‍ക്കമോ ആണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇതിന് മുന്‍പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചതെന്നും സതീശൻ പറഞ്ഞു.

താന്‍ അറിയാതെയാണ് ഉദ്യോഗസ്ഥന്‍ പോയതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും പിറ്റേ ദിവസം മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞല്ലോ. എന്നിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറായോ? ഡി.ജി.പിക്കും എ.ഡി.ജി.പിക്കുമൊക്കെ ഇഷ്ടാനുസരണം ആളുകളെ കാണാന്‍ സാധിക്കുമോ? ലീവ് എടുത്താണോ അതോ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണോ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്? ഇതൊക്കെ അന്വേഷിക്കണം.

ഒരു മണിക്കൂര്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളോ അതിര്‍ത്തി തര്‍ക്കമോ ആണോ? പരസ്പരം സഹായിക്കാനുള്ള പൊളിറ്റിക്കല്‍ മിഷനായിരുന്നു. അതാണ് പുറത്തു വന്നിരിക്കുന്നത്. ജനങ്ങളെയാണ് വിഡ്ഢികളാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എ.ഡി.ജി.പി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്.

അല്ലാതെ പൂരം കലക്കാനുള്ള ഗൂഢാലോചനയായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കമീഷണര്‍ അഴിഞ്ഞാടിയെന്നും അയാളെ നീക്കിയെന്നുമാണ് സര്‍ക്കാരും സി.പി.എമ്മും പറഞ്ഞത്. തൃശൂരില്‍ കമീഷണര്‍ അഴിഞ്ഞാടുമ്പോള്‍ എ.ഡി.ജി.പി സ്ഥലത്തുണ്ട്. പൂരം അവര്‍ തന്നെ കലക്കിയതിന്റെ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവിടുമെന്നും വി.ഡി. സതീശൻ ചോദിച്ചു.

Back To Top
error: Content is protected !!