ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്ക് ചരിത്രജയം. ഓവലിൽ നടന്ന പോരാട്ടത്തിൽ എട്ട് വിക്കറ്റിനാണ് ലങ്കക്കാരുടെ ജയഭേരി. ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ ശ്രീലങ്കയുടെ നാലാമത്തെ മാത്രം ടെസ്റ്റ് ജയമാണിത്. ഒരു പതിറ്റാണ്ടിനിടെ ആദ്യജയം കൂടിയാണിത്.
രണ്ടാം ഇന്നിങ്സിൽ 219 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിക്കുകയായിരുന്നു. 124 പന്തിൽ 127 റൺസുമായി പുറത്താകാതെനിന്ന പതും നിസ്സങ്കയാണ് സന്ദർശകരുടെ ജയം എളുപ്പമാക്കിയത്. ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറിയും നേടിയ താരം മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. എട്ട് റൺസെടുത്ത ദിമുത് കരുണരത്നെയും 39 റൺസെടുത്ത കുശാൽ മെൻഡിസുമാണ് പുറത്തായത്. 32 റൺസുമായി എയ്ഞ്ചലോ മാത്യൂസ് നിസ്സങ്കക്കൊപ്പം പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
ആദ്യ ഇന്നിങ്സിൽ 62 റൺസ് ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങിയത്. ക്യാപ്റ്റൻ ഒലി പോപിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും (157) ഓപണർ ബെൻ ഡക്കറ്റിന്റെ മികച്ച ബാറ്റിങ്ങിന്റെയും (86) മികവിൽ ആദ്യ ഇന്നിങ്സിൽ 325 റൺസ് നേടിയ ആതിഥേയർക്കെതിരെ ശ്രീലങ്ക 263 റൺസിന് പുറത്തായിരുന്നു. പതും നിസ്സങ്ക (64), ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (69), കമിന്ദു മെൻഡിസ് (64) എന്നിവരുടെ അർധസെഞ്ച്വറിയാണ് ലങ്കൻ ഇന്നിങ്സിന് കരുത്ത് പകർന്നത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 156 റൺസിന് പുറത്താവുകയായിരുന്നു. 67 റൺസെടുത്ത ജാമി സ്മിത്തിന് മാത്രമാണ് കാര്യമായ സംഭാവന നൽകാനായത്. ഡാൻ ലോറൻസ് (35), ജോ റൂട്ട് (12), ഒലി സ്റ്റോൺ (10) എന്നിവരാണ് സ്മിത്തിന് പുറമെ രണ്ടക്കം കടന്നവർ.
അവസാന മത്സരം പരാജയപ്പെട്ടെങ്കിലും പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഓൾഡ് ട്രാഫോഡിൽ നടന്ന ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിനും ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ 190 റൺസിനുമാണ് ആതിഥേയർ ജയിച്ചത്. 375 റൺസും ഒരു വിക്കറ്റും നേടിയ ജോ റൂട്ടാണ് പരമ്പരയിലെ താരം.