ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായി ഒളിവിൽ കഴിയുന്ന എംപി പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്. മേയ് 31ന് ജർമനിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തതായി രേവണ്ണ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് അയച്ച വീഡിയോയിൽ പറയുന്നു.
യാത്ര മുൻകൂട്ടി നിശ്‌ചയിച്ചിരുന്നതായും, കുടുംബത്തിനും പാർട്ടിക്കും ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമചോദിക്കുന്നുവെന്നും പ്രജ്വൽ പറഞ്ഞു. ജർമനിയിലേക്ക് കടക്കാനായി ഉപയോഗിച്ച നയതന്ത്ര പാസ്‌പോർട്ട് റദ്ദ് ചെയ്യാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തെ തുടർന്നാണ് പ്രജ്വലിന്റെ കീഴടങ്ങൽ.
കഴിഞ്ഞ ഏപ്രിൽ 27 മുതൽ ഒളിവിൽ കഴിയുന്ന എൻഡിഎ സ്‌ഥാനാർഥി കൂടിയായ പ്രജ്വലിനെതിരെ സംസ്‌ഥാന സർക്കാരും മുൻ പ്രധാനമന്ത്രിയും, പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്ഡി ദേവഗൗഡയും മുന്നോട്ട് വന്നിരുന്നു. പ്രജ്വലിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനായി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് അദ്ദേഹം കീഴടങ്ങുക.
ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്ക് വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ചട്ടം ലംഘിച്ച് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.
ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നെങ്കിൽ അക്കാര്യം രണ്ടാഴ്‌ച മുന്നേ എങ്കിലും വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. 24 മണിക്കൂറിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം. മറുപടി നൽകിയില്ലെങ്കിൽ പ്രജ്വലിന്റെ ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.