കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ വൈകിട്ട് നാല് മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തൃപ്തികരമാണെന്ന് യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘വിവാഹത്തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഉറച്ചു നിൽക്കുന്നു. സ്ത്രീധനം കുറഞ്ഞതിൽ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും അതൃപ്തി ഉണ്ടായിരുന്നു. രാഹുലിന്റെ പശ്ചാത്തലം അന്വേഷിക്കണം. ഒത്തുതീർപ്പിനില്ല. യുവതിയുടെ അമ്മയെ രാഹുൽ പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും’ പിതാവ് പറഞ്ഞു.
ജർമനിയിലേക്ക് കടന്ന പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനാണ് പോലീസ് നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് എഡിജിപി ഡയറക്ടർക്ക് അപേക്ഷ നൽകി. ഇന്റർപോൾ മുഖേന പോലീസ് ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം.
അതിനിടെ, കേസിലെ പ്രതി രാഹുലിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ് ചെയ്തിരുന്നു.