കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞതായി പോലീസ് സ്‌ഥിരീകരിച്ചു. ഒരു രാപ്പകലന്തിയോളം കേരളക്കര ഒന്നാകെ പ്രാർഥനയോടെ മകളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു.
കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടത്. മൈതാനത്ത് കുട്ടി ഒറ്റക്കായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ വിവരം പോലീസുകാരെ അറിയിച്ചു. പോലീസെത്തി കുട്ടി അബിഗേലാണെന്ന് സ്‌ഥിരീകരിക്കുക ആയിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. പിന്നാലെ വീട്ടിൽ പ്രത്യേക പ്രാർഥനയും നടത്തി. പോലീസുകാർ കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും.
നിലവിൽ കൊല്ലം ഈസ്‌റ്റ് പോലീസിനൊപ്പമാണ് അബിഗേൽ. കുട്ടി അവശനിലയിലാണ്. പോലീസുകാർ കുട്ടിക്ക് വെള്ളവും ബിസ്ക്കറ്റും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ തന്നെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറും. കുട്ടിയെ പോലീസുകാർ വൈദ്യപരിശോധനക്ക് കൊണ്ടുപോകും. നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്.