ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും കർണാടക അറിയിച്ചു. കാട്ടാന നിലവിൽ കർണാടക വനത്തിനുള്ളിലാണ് ഉള്ളത്.

കേരള അതിർത്തിയിൽ നിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയാണിത്. ആനയെ നിരന്തരം നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ്ങും തുടരുന്നുണ്ട്. മറ്റു സംസ്‌ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്‌ഥൻമാരും കഴിഞ്ഞ ദിവസം സംയുക്‌ത യോഗം ചേർന്നിരുന്നു.

ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്‌ത കർമപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ജസ്‌റ്റിസ്‌ എകെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ്‌ പി ഗോപിനാഥ്‌ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.