ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. രാവിലെ 10.30ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാവും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്ക് പകർന്ന് കൈമാറും.

ഉച്ചക്ക് 2.30ന് ഉച്ച പൂജയ്‌ക്ക് ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്‌ടർ ആകാശത്ത് നിന്ന് പുഷ്‌പവൃഷ്‌ടി നടത്തും. നിവേദ്യത്തിന് സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നവർക്ക് ചൂരൽക്കുത്ത്. രാത്രി 11ന് തൃക്കടിവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളോടെ കുത്തിയോട്ട ബാലൻമാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്‌താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്‌ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീമുകളെ പൊങ്കാല അവസാനിക്കുന്നത് വരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചൂട് കൂടിയതിനാൽ നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.