തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി; യുവാക്കൾ പിടിയിൽ

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി; യുവാക്കൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ സ്‌റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. തൃശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളെ പോലീസ് പിന്തുടർന്ന് ബസിൽ നിന്ന് പിടികൂടുകയായിരുന്നു.

വെള്ളിയാഴ്‌ച രാവിലെ മുതലാണ് തിരുവല്ല കാവുംഭാഗത്ത് നിന്ന് ഒമ്പതാം ക്ളാസുകാരിയെ കാണാതായത്. അന്ന് രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ സ്‌കൂളിലും പിന്നീട് ട്യൂഷൻ ക്ളാസിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചിരുന്നു. ഇതിൽ രണ്ടു ആൺകുട്ടികൾക്കൊപ്പം പെൺകുട്ടി സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ചിത്രം ഉൾപ്പടെ പുറത്തുവിട്ടു പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ഇന്ന് സ്‌റ്റേഷനിൽ ഹാജരായത്.