മൂന്നാം സീറ്റിൽ നിലപ്പാട്‌ കടുപ്പിച്ച് ലീഗ്; നിർണായക ഉഭയകക്ഷി യോഗം ഇന്ന്

മൂന്നാം സീറ്റിൽ നിലപ്പാട്‌ കടുപ്പിച്ച് ലീഗ്; നിർണായക ഉഭയകക്ഷി യോഗം ഇന്ന്

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ അവസാന നിമിഷവും നിലപ്പാട്‌ കടുപ്പിച്ച് മുസ്‌ലിം ലീഗ്. സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്. ഉഭയകക്ഷി ചർച്ചയിലും ലീഗ് വിട്ടുവീഴ്‌ച ചെയ്യില്ല. ലീഗിന്റെ ന്യായമായ ആവശ്യം കോൺഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചർച്ചക്ക് ശേഷം ബാക്കി പ്രതികരിക്കാമെന്നും എംപി പറഞ്ഞു.

അതേസമയം, വിഷയത്തിൽ കോൺഗ്രസും- ലീഗും തമ്മിലുള്ള നിർണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നതിനായി ആലുവ പാലസിലെത്തി. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരാണ് കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുക്കുന്നത്.

മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ചർച്ചയിൽ ഉറച്ചു നിൽക്കും. പുതുതായി സീറ്റ് നൽകുകയാണെങ്കിൽ അത് ഏതായിരിക്കും എന്നതിലും ചർച്ചയിൽ തീരുമാനമെടുക്കും. രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാനാണ് സാധ്യത. എന്നാൽ, അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മൽസരിക്കുന്നത് ഉൾപ്പടെയുള്ള നീക്കം ലീഗ് നടത്തിയേക്കും.