ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ‘സുദർശൻ സേതു’ ഗുജറാത്തിലെ ദ്വാരകയിൽ ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഭഗവാൻ കൃഷ്‌ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ് ദ്വാരക. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ്. മോദി ക്ഷേത്ര ദർശനം നടത്തുമെന്നാണ് വിവരം.
2017 ഒക്‌ടോബറിലാണ് 2.3 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്. 979 കോടി രൂപയാണ് നിർമാണ ചിലവ്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്‌ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്. തുടക്കത്തിൽ സിഗ്‌നേച്ചർ പാലം എന്നാണ് പേര് നൽകിയത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ഗുജറാത്തിലെ രാജ്കോട്ടിൽ നിർമാണം പൂർത്തിയാക്കിയ എയിംസും പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. 1195 കോടി രൂപയാണ് എയിംസിന്റെ നിർമാണത്തിനായി ചിലവഴിച്ചത്. ഇതിന് പുറമെ ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്‌ചിമബംഗാൾ എന്നിവിടങ്ങളിലെ എയിംസും പ്രധാനമന്ത്രി വെർച്വൽ വഴി ഉൽഘാടനം ചെയ്യും. വൈകിട്ട് നഗരത്തിൽ നടക്കുന്ന മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.