വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വസതിയുടെ മതില്‍ ചാടിക്കടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. പിടിക്കപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് സീക്രട്ട് സര്‍വീസ് ഏജന്റുമാരോട് പറഞ്ഞത്.
അര്‍ധരാത്രിയിലാണ് ആന്റണി തോമസ് റെയ്‌സ് എന്നറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരനെ അമേരിക്കൻ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പിടികൂടുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലും റെയ്‌സ് ഇതുപോലെ മാര്‍ എ ലാഗോയില്‍ അതിക്രമിച്ച് കയറിയതിനെ തുടർന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മാര്‍ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്. ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കൈ മാഡിസണ്‍ ട്രംപ്. സംഭവം നടക്കുമ്പോള്‍ ട്രംപ് ഇവിടെയുണ്ടായിരുന്നില്ല. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലായിരുന്നു അദ്ദേഹം. താന്‍ കുറ്റക്കാരനല്ലെന്ന് ആന്റണി തോമസ് റെയ്‌സ് കോടതിയിൽ പറഞ്ഞു.

