കൊച്ചി: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്ക് എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
ആദ്യം ഒരു വോട്ടിന് ജയിച്ച ശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്‌ഥാനം നഷ്‌ടമായ കെഎസ്‌യു സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് എസ്‌എഫ്‌ഐക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ് ടിആർ രവിയാണ് ഹരജി പരിഗണിച്ചത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ കോൺഗ്രസ് ഒന്നടങ്കം രംഗത്തുവന്നിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യുവിന്റെ എസ് ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വർഷത്തിന് ശേഷം കേരള വർമയിൽ ജനറൽ സീറ്റ് ലഭിച്ചത് വലിയ രീതിയിലാണ് കെഎസ്‌യു ആഘോഷിച്ചത്. ഇതിനിടെ, എസ്എഫ്ഐ റീകൗണ്ടിങ് ആവശ്യപ്പെട്ട് രംഗത്തെത്തി.
തുടർന്ന് അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ എസ്എഫ്ഐ സ്‌ഥാനാർഥി അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിൽ അട്ടിമറി ഉണ്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. റീ കൗണ്ടിങ്ങിനിടെ നാല് തവണ വൈദ്യുതി മുടങ്ങിയതിൽ ദുരൂഹതയുണ്ടെന്നുമാണ് കെഎസ്‌യുവിന്റെ വാദം.