ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകരെ പോലീസ് ബലംപ്രയോഗിച്ചു പിടിച്ചുമാറ്റി. പോലീസും കർഷകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗത്തിലെ പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പോലീസിന്റെ ബാരിക്കേഡ് ഭേദിച്ചു സമരമുഖത്ത് എത്തിയത്.
അതേസമയം, സമാധാനപൂർവം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർഥിച്ചു. ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 16ആം ദിവസവും തുടരുകയാണ്. ബ്രിജ്ഭൂഷണെ ഈ മാസം 21നകം അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം പുതിയ ദിശയിലേക്ക് കടക്കുമെന്നാണ് ഗുസ്തി താരങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
സമരം കർഷകർ പിടിച്ചടക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഡെൽഹി നഗരം സ്തംഭിപ്പിക്കുന്ന പ്രതിഷേധം നടക്കുമെന്നും രാജ്യാന്തര ഗുസ്തി തരാം വിനേഷ് ഫോഗട്ട് പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തി. ഇന്നലെ വൈകിട്ട് മെഴുകുതിരി പ്രദക്ഷിണവും നടത്തിയിരുന്നു.