വെഞ്ഞാറമൂട്: രാത്രിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. സർക്കാർ ജീവനക്കാരിയായ യുവതിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് പരാതി.
ചിതറ സ്വദേശിനിയായ യുവതിക്കു നേരേയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. എൻജിനിയറിങ് കോളേജിലെ ഈവനിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു യുവതി. രാത്രി 9.30-ന് വെഞ്ഞാറമൂട് കീഴായിക്കോണത്താണ് സംഭവം. ബൈക്കിലെത്തിയയാൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവർ സ്‌കൂട്ടർ വെട്ടിച്ചുമാറ്റി രക്ഷപ്പെടുകയും ചെയ്തു.
യുവതിയെ വാമനപുരം പാലത്തിനു സമീപംവെച്ചും ആറാംതാനത്തുവെച്ചും ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്തു. തുടർന്ന് ഇവർ നിലവിളിക്കുകയും അതുവഴി വരികയായിരുന്ന യുവാക്കളെ കണ്ടു അക്രമി രക്ഷപ്പെടുകയുമായിരുന്നു. ഈ യുവാക്കളാണ് യുവതിയെ വീട്ടിൽ എത്തിച്ചത്. തുടർന്ന് കുടുംബസമേതം രാത്രിയിൽ തന്നെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വൈകീട്ടോടെയാണ് കേസെടുത്തതെന്നും ആക്ഷേപമുണ്ട്.
കൺട്രോൾ റൂമിൽ യുവതി വിളിയച്ചതിന് അനുസരിച്ചു പോലീസെത്തിയെന്നും വെഞ്ഞാറമൂട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വെഞ്ഞാറമൂട് പോലീസ് പറഞ്ഞു