മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവമോർച്ച പ്രവർത്തകർ കയറി കല്ലിട്ട സംഭവത്തിൽ പൊലീസുകാർ കുടുങ്ങിയേക്കും . മുഖ്യമന്ത്രിയുടെ വീടിന് നേരേ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും വേണ്ടത്ര ജാഗ്രത പൊലീസ് കാട്ടിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പൊലീസ് മേധാവി വിശദീകരണം തേടും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി കുറ്റി കുഴിച്ചിട്ടിട്ട് പോലും അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് വീടിന് മുന്നിലുണ്ടായിരുന്ന പൊലീസുകാർ എത്തി പ്രവർത്തകരെ പിടികൂടിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെ–റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്.
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മതിൽചാടി കടന്നാണ് ആറ് പ്രവർത്തകർ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പിഴുതെടുത്ത സിൽവർലൈൻ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. എന്നാൽ ഔദ്യോഗിക കേന്ദ്രങ്ങളോ പൊലീസോ ഈ വിവരം സ്ഥിരീകരിക്കാൻ തയാറായില്ല.