ഒരു കയ്യൊപ്പില്‍ എന്തിരിക്കുന്നു എന്ന ചോദ്യമൊക്കെ പണ്ടായിരുന്നു. എങ്ങനെ വ്യത്യസ്തമായി ഒപ്പിടാമെന്ന ചിന്തയിലാണ് ഓരോരുത്തരും ഇന്ന്. അക്ഷരങ്ങളില്‍ രൂപഭംഗി വരുത്തിയും ചിത്രങ്ങള്‍ വരച്ചു ചിലര്‍ ഒപ്പിടുമ്പോള്‍ മറ്റുചിലരാകട്ടെ ഒപ്പുകള്‍ പരമാവധി കടുപ്പിക്കുന്നതാക്കി മാറ്റും
ഇതിനിടെ ചില വ്യത്യസ്ത ഒപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഒരു കൈയ്യൊപ്പാണ് ഇപ്പോള്‍ താരം. മുള്ളന്‍പന്നിയോട് സമാനമായ ഈ ഒപ്പ് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ രജിസ്ട്രാറുടേതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2022 മാര്‍ച്ച് നാലിനാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര് ചിത്രത്തിനു താഴെ അടിക്കുറിപ്പുമായി എത്തിക്കഴിഞ്ഞു. ചിലരാകട്ടെ ഒപ്പ് കണ്ടിട്ട് മയിലിനോടാണ് ഉപമിച്ചിരിക്കുന്നത്. ചില ‘കലാകാരന്മാര്’ തങ്ങളുടെ കഴിവ് ഈ ഒപ്പില്‍ കാണിക്കാനും ശ്രമിച്ചു. ഒപ്പിന് മുഖവും കാലുകളും നല്കി നിറം കൊടുത്താണ് ഇവര്‍ ഇതിന് രൂപം നല്‍കിയത്.
I have seen many signatures but this one is the best. pic.twitter.com/KQGruYxCEn
— Ramesh (Modi Ka Parivar) (@Ramesh_BJP) March 20, 2022
നിരവധി പേരാണ് ഈ വൈറല്‍ ഒപ്പിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘ഞാന്‍ നിരവധി ഒപ്പുകള്‍ കണ്ടിട്ടുണ്ട്, പക്ഷേ ഇതാണ് ഏറ്റവും മികച്ചത്’ എന്ന ക്യാപ്ഷനിലാണ് രമേശ് എന്നയാള്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ‘കൃത്യമായി ഇതേ ഒപ്പിടാന്‍ ഉദ്യോഗസ്ഥന് വീണ്ടും കഴിയുമോയെന്ന് ആശങ്ക ചിലര്‍ പങ്കുവെയ്ക്കുന്നു. ഈ ഒപ്പ് വീണ്ടുമിടാന്‍ കഴിയുന്നയാള്‍ക്ക് മികച്ച ഓര്മശക്തിയുണ്ടാകുമെന്ന് വിലയിരുത്താനും ഇവര്‍ മടിക്കുന്നില്ല.
ബാങ്കുകള്‍ എങ്ങനെ ഈ ഒപ്പ് പരിശോധിക്കുമെന്നാണ് മറ്റൊരാളുടെ സംശയം. ചൂലിന്റെ രൂപമുള്ളതിനാല്‍ ഒപ്പിന്റെ ഉടമ ആംആദ്മിയില്‍ ചേരണമെന്ന് ഒരാള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മികച്ച രീതിയില്‍ മഷി പാഴാക്കുന്നു എന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. എന്തായാലും ഈ വൈറല്‍ ഒപ്പ് കണ്ടതിന് പിന്നാലെ തങ്ങളുടെ ഒപ്പുകള്‍ അഴിച്ചുപണിയേണ്ട സമയമായെന്നാണ് പലരുടെയും പ്രതികരണം.