പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

പട്ടാപ്പകല്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിന് സമീപത്തെ കടയിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി രാജേഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.

പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. ഇയാൾ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ പോലീസും അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഇയാൾ തമിഴ്നാട്ടിൽ ഉണ്ട് എന്ന വിവരം ലഭിക്കുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പേരൂർകടയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന സമയത്ത് ആ പരിസരത്ത് വന്ന ആൾ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ കൊലപാതകത്തിന് പിന്നിൽ, എന്താണ് കാരണം തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മാല മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Back To Top
error: Content is protected !!