ഇടുക്കി: അഞ്ചര വയസ്സുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ജാമ്യംഇല്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ സ്ത്രീ പേത്തൊട്ടിയിൽ സ്ഥിര താമസമാക്കിയ തോട്ടം തൊഴിലാളിയാണ്.
അഞ്ച് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ നാല് ഭാഗത്തായി പൊള്ളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വെച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്. സമീപത്തെ വീടുകളിലുള്ള കുട്ടികളെ അടിക്കുന്നുവെന്നും വികൃതി കാണിക്കുന്നുവെന്നും അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ശിക്ഷിച്ചതെന്നാണ് അമ്മ പറയുന്നത്.
പിന്നീട് തമിഴ്‌നാട്ടിലേക്ക് പോയ ഇവർ അവിടെ വെച്ച് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതായും പറയുന്നു. തിരികെ എത്തിയപ്പോൾ കുട്ടിയുടെ കാലിലെ മുറിവ് കണ്ട സമീപവാസികളാണ് വിവരം പോലീസിലറിയിച്ചത്. തുടർന്ന് പോലീസെത്തുകയും കുട്ടിയെ ശാന്തൻപാറയിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.