വളാഞ്ചേരി: മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിലെന്നു വിവരം. കഴിഞ്ഞ ഡിസംബറിലാണ് എയ്‍ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണു ലഹരി സംഘത്തിൽപെട്ടൊരാൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി. പരിശോധനയില്‍ ആ സുഹൃത്തിനും എച്ച്ഐവി സ്ഥിരീകരിച്ചു.
എച്ച്ഐവി ബാധിച്ച 2 പേരും ലഹരി സംഘത്തിൽപെട്ടവരാണെന്നറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കൂടെയുള്ളവർക്ക് എയ്ഡ്സ് ബാധിച്ചതോടെ ഇവരുമായി ബന്ധമുള്ള മറ്റു 3 പേർ സ്വന്തം നിലയ്ക്ക് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവർക്കും രോഗം സ്ഥിരീകരിച്ചു.
വളാഞ്ചേരിയിലെ ലഹരി വിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാണു രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് രോഗബാധിതർ. ഇതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കി 4 പേർ മലയാളികളാണ്. എല്ലാ 2 മാസം കൂടുമ്പോഴും എയ്ഡ്സ് കൺട്രോള്‍ സൊസൈറ്റി ജയിലിൽ പരിശോധന നടത്താറുണ്ട്. രോഗം സ്ഥിരീകരിച്ചവരെല്ലാം യുവാക്കളാണ്.
രോഗബാധിതർ ഒരേ സൂചി ഉപയോഗിച്ച് ലഹരി മരുന്ന് ഉപയോഗിച്ചെന്നാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ചു ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.